ഹിജ്റയുടെ സന്ദേശം
ഓരോ വര്‍ഷവും മുഹര്‍റം മാസം മഹത്തായ ഒരു ചരിത്ര സംഭവത്തിന്റെ പാവനസ്മരണകളുണര്‍ത്തിക്കൊണ്ടാണ് കടന്നുവരുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഹിജ്റ (മദീനാ പലായനം)യത്രെ അത്. പ്രാദേശിക തലത്തില്‍ നടന്നിരുന്ന വിശാലമായ ആശയപ്രചാരണത്തില്‍നിന്ന് ആ ആശയങ്ങള്‍ക്കനുരൂപമായി, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇസ്്ലാമിക സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രഥമ ചുവടുവെപ്പായിരുന്നു ഹിജ്റ. ഈ മഹാ സംഭവം ഇസ് ലാമിക കലണ്ടറിന്റെ ആരംഭം ബിന്ദുവായി ഗണിക്കപ്പെട്ടത് സ്വാഭാവികം മാത്രം.
ഹിജ്റയുടെ വിവക്ഷ
‘ഹിജ്റ’ എന്ന അറബി പദത്തിന് ‘ ഒഴിവാക്കി’ ‘ഉപേക്ഷിച്ചു’ എന്നിങ്ങനെയാണ് അര്‍ത്ഥം. അത് ‘ഹാജറ’എന്നാക്കുമ്പോള്‍ അര്‍ഥം ഒരാള്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്തു എന്നായിത്തീരുന്നു; ഭാഷാപരമായി ഈ രണ്ടു പദപ്രയോഗങ്ങള്‍ തമ്മിലുള്ള അര്‍ഥ വ്യത്യാസം ശ്രദ്ധേയമാണ്. നബി മക്ക വിട്ടു അല്ലെങ്കില്‍ ഉപേക്ഷിച്ചു എന്ന അര്‍ഥത്തില്‍ ‘ഹജറ’ എന്ന് ചരിത്രകാരന്മാരാരും പറഞ്ഞിട്ടില്ല. മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു(ഹാജറ) എന്നാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. കാരണം തിരുമേനി മക്കയിലെ ദുരിതങ്ങളില്‍നിന്ന് ഓടി രക്ഷപ്പെടുകയോ, സുഖം അന്വേഷിച്ചു പോവുകയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുയോജ്യവും വിശാലവുമായി, മക്കയില്‍ പ്രയോഗിച്ചിട്ടില്ലാത്ത പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൊണ്ട് നിര്‍വഹിക്കാനുതകുന്ന ഒരു പുതിയ കേന്ദ്രം തെരഞ്ഞെടുത്ത് അങ്ങോട്ട് പ്രയാണം ചെയ്യുകയായിരുന്നു തിരുമേനി.
പ്രബോധനത്തിനൊരു പുതിയ കേന്ദ്രം
ഏകദൈവ വിശ്വാസം മനുഷ്യമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു മക്കയിലെ പ്രബോധനം. മക്കയിലെ രൂക്ഷമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ തൗഹീദിന്റെ പ്രബോധനത്തിനല്ലാതെ പ്രയോഗവല്‍ക്കരണത്തിന്ന് തീരെ അവസരമുണ്ടായിരുന്നില്ല. നീണ്ട പതിമൂന്നുകൊല്ലത്തെ ആദര്‍ശ പ്രബോധനം സ്വാഭാവികമായും ഒരു പ്രയോഗ മണ്ഡലത്തെ തേടുന്നുണ്ടായിരുന്നു. അതായത് സര്‍വ മേഖലകളെയും ചൂഴ്ന്ന് നില്ക്കുന്ന പൂര്‍ണവും സമൂലവുമായ ഒരു ശരീഅത്ത് സംസ്ഥാപിക്കേണ്ട സമയമടുത്തപ്പോള്‍, എല്ലാ നിലയിലും കൂടുതല്‍ അനുയോജ്യമായ പുതിയൊരു സ്ഥലത്തേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റുവാന്‍ ദൈവവിധിയുണ്ടായി. പക്ഷേ, ഈ പലായനം പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. കാരണം മക്കയില്‍ ശത്രുത ബഹുദൈവവിശ്വാസികളില്‍ പരിമിതമായിരുന്നു. മദീനയിലാവട്ടെ യഹൂദികളും കപടവിശ്വാസികളും കൂടാതെ വിവിധ ഗോത്രത്തലവന്മാരും, സമീപരാജ്യങ്ങളിലെ രാജാക്കന്മാരുമെല്ലാം ഇസ്ലാമിനെ തങ്ങളുടെ താല്പര്യങ്ങള്ക്കും അധികാരത്തിനും ഭീഷണിയായാണ് വീക്ഷിച്ചിരുന്നത്. മദീനാവാസികളായ സത്യവിശ്വാസികള്‍, തങ്ങളുടെ ദേശം പ്രവാചകന്റെ ആസ്ഥാനവും ഇസ് ലാമിന്റെ കേന്ദ്രവുമാകുന്നതോടെ, തങ്ങളുടെ മേല്‍ അര്‍പ്പിതമാകുന്ന ഭാരിച്ച ഉത്തരവാദിത്തത്തെ സംബന്ധിച്ച് ബോധവാന്മാരായിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രവാചകന്നും അനുചരന്മാര്ക്കും നേരിടേണ്ടി വന്നേക്കാവുന്ന ആക്രമണങ്ങളില്‍നിന്ന് അവരെ ആത്മാര്‍ഥമായും സംരക്ഷിച്ചുകൊള്ളാമെന്ന് അവര്‍ കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പ്രശ്നങ്ങളില്‍നിന്നും പ്രയാസങ്ങളില്‍നിന്നുമുള്ള ഒളിച്ചോട്ടമോ ആദര്‍ശങ്ങളില്‍ നിന്നുള്ള പിന്മാറ്റമോ ആയിരുന്നില്ല ഹിജ്റ എന്ന് ഈ ഉടമ്പടി തന്നെ വിളിച്ചോതുന്നുണ്ട്. പ്രബോധനത്തിന്റെ ആശയതലത്തില്‍നിന്ന് പ്രയോഗ തലത്തിലേക്കുള്ള വികാസവും, പ്രതിരോധ നിരയില്‍ നിന്നും മുന്നേറ്റ നിരയിലേക്കുള്ള മാറ്റവുമായിരുന്നു യഥാര്‍ഥത്തില്‍ ഹിജ്റ. ഇവിടെ സുപ്രധാനമായ ഒരു വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. മക്കാ മുശ് രിക്കുകള്‍ നബിയെ വധിക്കാന്‍ ശ്രമിച്ചത് അവിടുന്ന് മദീനയിലേക്ക് ഹിജ്റ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞ ശേഷമായിരുന്നു. അതായത് പ്രവാചകന് ഹിജ്റക്ക് തയ്യാറായത് ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ഫലമായിട്ടല്ല. മറിച്ച് നബി ‘ഹിജ്റ’ പോകുന്നത് തടയുവാന്‍ വേണ്ടിയായിരുന്നു മക്കാ മുശ് രിക്കുകള്‍ ആ വധശ്രമം നടത്തിയത്. കാരണം മക്കക്ക് പുറത്ത് പ്രവാചകന്റെ പ്രബോധനം കൂടുതല്‍ ശക്തിപ്പെടുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ ദൂരവ്യാപകമായ ഫലമുളവാക്കിയ തന്ത്രപ്രധാനമായ ആസ്ഥാനമാറ്റമായിരുന്നു പ്രവാചകന്റെ ഹിജ്റയെന്നു കാണാം.
കവാടങ്ങള്‍ തുറക്കപ്പെടുന്നു
ഹിജ്റ’യെത്തുടര്‍ന്ന് ഇസ് ലാമിക പ്രബോധനം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത ഗോത്രങ്ങളിലേക്കും തുടര്‍ന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. അറേബ്യക്കകത്തുനിന്നും പുറത്തുനിന്നും ഇസ് ലാമാശ്ലേഷിക്കുന്നതിന് വേണ്ടിയുള്ള പ്രതിനിധി സംഘങ്ങള്‍ പ്രവാചക സന്നിധിയിലെത്തി. പ്രസിദ്ധമായ മക്കാ വിമോചനത്തിന്നും തുടര്‍ന്ന് മറ്റ് ഒട്ടേറെ വിജയങ്ങള്‍ക്കും വഴിയൊരുക്കിയത് ഹിജ്റ സംഭവമായിരുന്നു. യഥ് രിബില്‍, മദീന എന്ന പേരില്‍ പ്രഥമ ഇസ് ലാമിക രാഷ്ട്രത്തിന്ന് അടിത്തറ പാകിയതും ഹിജ്റയാണ്.
അക്കാലത്ത് യഥ് രിബ് പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്ന തുറന്ന പട്ടണമായിരുന്നു. ‘യഥ് രിബ്’ എന്നറിയപ്പെട്ടിരുന്ന ‘മദീന’യുടെ നിര്‍മാതാവ് അമാലിക്ക ഗോത്രത്തിലെ യഥ് രിബ് എന്നു പേരുള്ള ഒരു ഗോത്രത്തലവനായിരുന്നു. പ്രവാചകന്റെ ആഗമനം വരെ അദ്ദേഹത്തിന്റെ നാമധേയത്തിലാണ് പ്രസ്തുത പട്ടണം അറിയപ്പെട്ടിരുന്നത്. പിന്നീട് ജൂതരുടെ കുടിയേറ്റമുണ്ടായി. ബാബിലോണിയക്കാരുടെയും ഗ്രീക്കുകാരുടെയും റോമക്കാരുടെയും ആക്രമണങ്ങളില്‍നിന്ന് ഓടിരക്ഷപ്പെട്ട ജൂതര്‍ ഹിജാസിന്റെ വടക്കുഭാഗത്താണ് സ്ഥിരതാമസമുറപ്പിച്ചത്. അവരില്‍പെട്ട ‘ബനുന്നദീര്‍’ ഗോത്രം ഖൈബറിലും ബനീഖുറൈദ ഗോത്രം ‘ഫദക്കിലും’ ‘ബനീഖൈനുഖാ’ ഗോത്രം മദീനയുടെ പരിസരത്തും വസിച്ചു. ഭദ്രമായ കോട്ടകളില്‍ സുരക്ഷിതരായി ജീവിച്ച ജൂതര്‍ പിന്നീട് പരിസരവാസികളായ അറബികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. അവര്‍ക്ക് ശേഷം ‘ഖഹ്താന്’ പരമ്പരയില്‍പ്പെട്ട ‘ഔസ്’ ‘ഖസ്റജ്’ എന്നീ അറബ് ഗോത്രങ്ങള്‍ ‘യഥ് രിബി’ല്‍ കുടിയേറിപ്പാര്‍ത്തു. ആരംഭത്തില്‍ ഈ രണ്ട് ഗോത്രങ്ങളും ജൂതര്‍ക്ക് കീഴടങ്ങി ജീവിച്ചുവെങ്കിലും പിന്നീട് ആധിപത്യം അവരുടെ കൈകളിലേക്ക് നീങ്ങുകയുണ്ടായി.
ഇസ് ലാമിക രാഷ്ട്രത്തിന്റെ ശിലാസ്ഥാപനം
മദീനയിലെത്തിയ പ്രവാചകന് ഇസ് ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ഇസ് ലാമിക രാഷ്ട്രത്തിന്റെ ശിലാസ്ഥാപന കര്‍മം നടത്തി. താന്‍ നിര്‍മിച്ച പള്ളിതന്നെയായിരുന്നു പ്രവാചകന് തന്റെ പ്രവര്‍ത്തന കേന്ദ്രമായി തെരഞ്ഞെടുത്തത്. മുസ് ലിംകള്‍ അവരുടെ ആരാധനാ കര്‍മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതും പൊതുസഭകള്‍ കൂടിയിരുന്നതും ഈ പള്ളിയില്‍ തന്നെയായിരുന്നു. മദീനയിലെ ഇതര വിഭാഗങ്ങളുമായി നബി യുദ്ധമില്ലാ കരാറും ബാഹ്യ ശക്തികള്‍ക്കെതിരെ മദീനയെ എല്ലാവരും ഒന്നായിച്ചേര്‍ന്ന് പ്രതിരോധിക്കുവാനുള്ള ഉടമ്പടികളും ഉണ്ടാക്കി. പിന്നീട് ഇസ് ലാമിക സന്ദേശം വിവിധ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ മദീനയെ ലോകജനതയുടെ ശ്രദ്ധാകേന്ദ്രമാക്കാന്‍ നബിക്ക് കഴിഞ്ഞു.
‘യഥ് രിബില്‍’ ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജൂതര്‍ ഈ അവസ്ഥ മുതലെടുത്തുകൊണ്ടിരുന്നു. അറബികളെ ഭിന്നിപ്പിച്ചു ഭരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ സന്ദര്‍ഭത്തില്‍ നബിയുടെ യഥ് രിബിലേക്കുള്ള ആഗമനം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ ഒരധ്യായത്തിന്റെ തുടക്കം കുറിച്ചു. പരസ്പരം ശത്രുതയില്‍ കഴിഞ്ഞിരുന്ന ഔസ്,ഖസ്റജ് ഗോത്രങ്ങള്‍ക്കിടയില്‍ നബി(സ) ആദ്യമായി സാഹോദര്യം സ്ഥാപിച്ചു. മദീനയില്‍ സമാധാനാന്തരീക്ഷം സംജാതമായി. നബിയോടൊപ്പം മക്കയില്‍നിന്നും മദീനയിലേക്ക് പലായനം ചെയ്ത മുഹാജിറുകളെയും,അവരെ മദീനയിലേക്ക് ക്ഷണിച്ച അന്‍സാരികളെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സുന്ദര പാശത്താല് ബന്ധിപ്പിക്കുകയുണ്ടായി.
ഇസ് ലാമിക രാഷ്ട്രത്തിന്റെ പ്രഥമ തലസ്ഥാനമായ മദീനയില്‍ അന്ന് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളാണുണ്ടായിരുന്നത്. ഒന്ന്, മുഹാജിറുകളും അന്സാരികളുമടങ്ങുന്ന ഇസ് ലാമിക സമൂഹം. അനിസ് ലാമിക കാലഘട്ടത്തിലെ ദുസ്സ്വാധീനങ്ങളില്നിന്നെല്ലാം മുക്തമായി, ഇസ് ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കപ്പെട്ട ഈ വിഭാഗം പ്രവാചകനെ ആത്മതുല്യം സ്നേഹിച്ചു. രണ്ട്, കപടവിശ്വാസികള്‍; ബിംബാരാധനാ ഭ്രമം ഗോപ്യമാക്കിവെച്ചവരായിരുന്നു അവര്‍. അവരുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് മദീനയുടെ അധിപനാകാന്‍ ആഗ്രഹിച്ചിരുന്നു. ശക്തമായ ഒരണി അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പ്രവാചകന് മദീനയിലെത്തുന്നത്. അതോടെ രാജാവാകാനുള്ള ഇബ്നു ഉബയ്യിന്റെ മോഹം പൊളിഞ്ഞുപോയി. നബി(സ)ക്ക് മദീനയില്‍ ലഭിച്ച ആവേശോജ്വലമായ സ്വീകരണം അബ്ദുല്ലാഹിബ്നു ഉബയ്യിനെയും കൂട്ടരെയും മുസ് ലിംകളായി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇസ് ലാമിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം പ്രാരംഭദശയില്‍തന്നെ ഇക്കൂട്ടര്‍ അപകടകാരികളായിരുന്നു. ഈ വിഭാഗത്തിനെപ്പറ്റി ‘കപടവിശ്വാസികള്‍’ എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ പറയുന്നു: പ്രവാചകരേ, കപടവിശ്വാസികള്‍ താങ്കളെ സമീപിക്കുമ്പോള്‍, ‘ അങ്ങ് ദൈവദൂതന്‍തന്നെ എന്നു ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.’ എന്നു പറയുന്നുണ്ടല്ലോ. അതെ, താങ്കള്‍ അവന്റെ ദൂതന് തന്നെയാണെന്ന് അല്ലാഹുവിന്നറിയാം. പക്ഷേ കപടവിശ്വാസികള്‍ തികച്ചും കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. ഇവര്‍ തങ്ങളുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കുകയാണ്. അങ്ങനെ ഇവര്‍ ദൈവിക സരണിയില്‍നിന്ന് സ്വയം വിലങ്ങുകയും മറ്റുള്ളവരെ വിലക്കുകയും ചെയ്യുന്നു. എത്ര നികൃഷ്ടമായ ചെയ്തിയാണ് ഇവര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. (അല്‍ മുനാഫിഖൂന്‍: 1,2).
മൂന്നാമത്തെ വിഭാഗം ജൂതന്മാരാണ്. നബി(സ)യുടെ ആഗമനവും അതിനെ ത്തുടര്‍ന്നുണ്ടായ ഇസ് ലാമിക പ്രബോധനത്തിന്റെ പ്രചരണവും അവര്‍ക്ക് അസഹനീയമായി അനുഭവപ്പെട്ടു. ശത്രുതയും അസൂയയും വിദ്വേഷവും മൂത്ത ജൂതര്‍ ഇസ് ലാമിക പ്രബോധനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ ഒരു സംഘടിത വിഭാഗമായിരുന്നു.
പ്രബോധകര്‍ക്കുള്ള പാഠങ്ങള്‍
മുസ് ലിം ലോകം മാത്രമല്ല ലോകജനതയൊന്നാകെ പ്രവാചകന്റെ ഹിജ്റയെക്കുറിച്ച സ്മരണ ഒരിക്കല്‍ കൂടി പുതുക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിവിധ തലങ്ങളില്‍ വ്യത്യസ്ത സവിശേഷതകള്‍ വിശദീകരിക്കുകയും അതില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഈ പരിപാടികളെല്ലാം തന്നെ പ്രവാചകന്മാരുടെ ദൗത്യങ്ങള്‍ സംബന്ധിച്ച വിജ്ഞാനം പകര്‍ന്നുകൊടുക്കുവാനും വിശ്വാസികളുടെ ആത്മീയ മതബോധങ്ങള്‍ തട്ടിയുണര്‍ത്തുവാനും ഉപയോഗപ്രദമായിരിക്കണമെന്നത് കൂടാതെ, ഇസ ്ലാമിനെ കുറിച്ച് ജനങ്ങളിലുള്ള സംശയങ്ങളും തെറ്റുദ്ധാരണകളും ദുരീകരിക്കുവാന്‍ കൂടി പര്യാപ്തമായിരിക്കേണ്ടതുണ്ട്. മഹത്തായ ഹിജ്റ സംഭവത്തില്‍ നിന്ന് മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്.
മുഹമ്മദ് നബി(സ) മദീനയിലേക്ക് ഹിജ്റ പോകുന്നതോടെ ഇസ് ലാമിക പ്രബോധനത്തിന്റെ മൂന്നാമത്തെ ഘട്ടം ആരംഭിക്കുകായായി. ഇസ് ലാം പ്രാദേശിക തലത്തില്‍നിന്നും ആഗോളതലത്തിലേക്ക് വളര്‍ന്ന പ്രത്യേക ചുറ്റുപാടില്‍ പ്രവാചകന് പ്രധാനമായി നാലു ശൈലികളാണ് അവലംബിച്ചത്.
ഒന്ന്: വിവിധ ഭാഗങ്ങളിലുള്ള ഭരണാധികാരികളിലേക്കും സാധാരണ ജനങ്ങളിലേക്കും പ്രബോധകരെ നിയോഗിച്ചയക്കുക. ഈയാവശ്യാര്‍ഥം അറേബ്യയുടെ വിവിധ ഭാഗത്തേക്കും ഗോത്രങ്ങളിലേക്കും അലിയ്യ്ബിന് അബീത്വാലിബ്, മിസ്അബ് ബ്നു ഉമൈര്‍, അബൂദര്‍റില്‍ ഗിഫാരി, മുആദ് ബ്നു ജബല്‍ തുടങ്ങിയ പ്രമുഖ സഹാബിവര്യന്മാരെ നിയോഗിച്ചു. ഇവരിലോരോരുത്തരോടും പ്രവാചകന് ഉപദേശിച്ചത്: നിങ്ങള്‍ സുവിശേഷമറിയിക്കുക, ജനങ്ങളെ വെറുപ്പിക്കരുത്, നിങ്ങള്‍ ലാളിത്യം കൈക്കൊള്ളുക, പ്രയാസം സൃഷ്ടിക്കരുത്’ എന്നായിരുന്നു. ഈ ഉപദേശം എന്നും എവിടെയും ആ മഹാന്മാര്ക്ക് മാര്‍ഗദര്‍ശകമായി.
രണ്ട്: വ്യത്യസ്ത നാടുകളിലെ രാജാക്കന്മാര്, നേതാക്കള്‍, ഗവര്‍ണമാര്‍ എന്നിവരെയും അവരിലൂടെ ജനങ്ങളെയും ഇസ് ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയക്കുക. റോമിലെ സീസര്‍ക്കും പേര്‍ഷ്യയിലെ കിസ്റക്കും, ഈജിപ്ഷ്യന്‍ രാജാവായ മുഖൗഖിസിനും, എത്യോപ്യയിലെ നജ്ജാശിക്കും, മറ്റും പ്രവാചകന് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. ഈ സന്ദേശങ്ങളിലൂടെ ഇസ്്ലാമിന്റെ സന്ദേശം അറേബ്യയുടെ പുറത്തുള്ള മഹാസാമ്രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിക്കൊണ്ടിരുന്നു.
മൂന്ന്: നാട്ടിനകത്തും പുറത്തും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ ചെന്ന് ആശയവിനിമയം നടത്തുക. ഇതിന്റെ ഭാഗമായി ജനം സമ്മേളിക്കുന്ന കമ്പോളങ്ങളിലേക്കും മേളകളിലേക്കും മറ്റും തെരഞ്ഞെടുക്കപ്പെട്ട പ്രബോധകന്മാര് നിയോഗിക്കപ്പെട്ടിരുന്നു.
നാല്: മുസ്്ലിം സമൂഹത്തിലെ നേതാക്കളുടെയും സാധാരണക്കാരുടെയും സഭകള്‍ സംഘടിപ്പിക്കുക. ഈ വേദികളില്‍ മതപരവും ലൗകികവും പ്രബോധനപരവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നബിയുടെ പള്ളിയില്‍ ഇത്തരം സംഗമങ്ങള്‍ അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച ജുമുഅയുടെ പ്രധാന ഇനമായ രണ്ടു പ്രസംഗങ്ങളിലൂടെ അതതു സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഉദ്ബോധനങ്ങള്‍ നല്കിപ്പോന്നു. പള്ളിയില്‍ നിന്നത്രെ പ്രബോധനത്തിന്റെ വ്യവസ്ഥാപിതമായ പ്രാഥമിക ചലനങ്ങള്‍ ഉണ്ടായത്. പള്ളിയില്‍ ഒരു പ്രത്യേക സ്ഥലം തന്നെ പ്രബോധന പ്രവര്‍ത്തനത്തിന് വേണ്ടി ഒരുക്കപ്പെട്ടിരുന്നു. പള്ളി വിജ്ഞാനത്തിന്റെയും വിചിന്തനത്തിന്റെയും കേന്ദ്രമായി വര്‍ത്തിച്ചു.
പ്രവാചകന് സ്വീകരിച്ച ഈ ശൈലികളില്നിന്നാണ് ഇസ് ലാമിക പ്രബോധകര്‍, മതപ്രചരണത്തിന്റെ ശരിയായ മാര്‍ഗവും രൂപവും അത് ഭരണാധികാരികളോടോ, ഭരണീയരോടോ, നേതാക്കളോടോ, നീതരോടോ ആരോടായിരുന്നാലും- പഠിക്കേണ്ടത്. ഇതേ മാര്‍ഗമാണ് സഹാബികളും താബിഉകളും പൂര്‍വിക സജ്ജനങ്ങളും സ്വീകരിച്ചത്. അങ്ങനെയാണവര്‍ നാടുകള്‍ കീഴടക്കുന്നതിന് മുമ്പെ നാട്ടുകാരുടെ മനസ്സുകളെ കീഴടക്കിയിരുന്നത്.